തൃശൂര്‍:തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്‌ററലില്‍വെച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാല്‍ മുന്‍പും പാര്‍ട്ടിയിലെ മറ്റൊരു പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നതായി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.പാര്‍ട്ടിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന തന്നെ പൊതുസമൂഹത്തില്‍ മോശക്കാരിയാക്കാനും ജീവന്‍ലാല്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:-
ഞാന്‍ മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിനെപ്പറ്റി ജീവന്‍ലാലാണ് പറഞ്ഞത്. എം.എല്‍.എ.യുടെ പി.എ.യുടെ മകള്‍ അവിടെയാണ് പഠിക്കുന്നതെന്നും പ്രവേശനം അദ്ദേഹം ശരിയാക്കിത്തരുമെന്നും പറഞ്ഞു.ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കാലംമുതലേ ജീവന്‍ലാലിനെ അറിയാം.അയാള്‍ക്ക് ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു.അങ്ങനെ ജൂലായ് ഒമ്പതിന് രാത്രി തിരുവനന്തപുരത്തെത്തി. അന്ന് എം.എല്‍.എ. ഹോസ്റ്റലില്‍ താമസിച്ചു. കാര്യങ്ങള്‍ ശരിയാക്കി പിറ്റേന്നുതന്നെ തിരിച്ചുപോരണമെന്നു കരുതിയെങ്കിലും കഴിഞ്ഞില്ല.ജീവന്‍ലാലിന് ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്നു പറഞ്ഞു. അതിനാല്‍ അന്നു തിരികെ വന്നില്ല.ഒരുദിവസംകൂടി തങ്ങി.ആ രണ്ടുദിവസവും ഇയാളെക്കൊണ്ട് പ്രശ്‌നമുണ്ടായില്ല.
11-ന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നുവന്ന് ഉള്ളില്‍നിന്നു വാതില്‍ പൂട്ടി.കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു.ഞാന്‍ ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായ് പൊത്തിപ്പിടിച്ചു.ഞാന്‍ ചെറുത്തുനിന്നതോടെ അയാള്‍ പിന്മാറി.മാപ്പുപറയാനും കരയാനും തുടങ്ങി.
ഞാന്‍ തകര്‍ന്നുപോയി.കുറേ കരഞ്ഞു.സഹോദരനെപ്പോലെ കരുതിയ ആള്‍ വിചാരിക്കാത്ത തരത്തില്‍ പെരുമാറിയത് ഞെട്ടിച്ചു.എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നായി. തിരിച്ചുള്ള യാത്രയില്‍ ആര്‍ക്കും സംശയം തോന്നരുതെന്ന രീതിയില്‍ ശ്രദ്ധിച്ചാണ് അയാള്‍ പെരുമാറിയത്.ഞാന്‍ വീട്ടിലെത്തി സംഭവിച്ചതെല്ലാം പറഞ്ഞു.
ജീവന്‍ലാലിനെപ്പറ്റി പിന്നീടാണ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്. ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു പെണ്‍കുട്ടിക്കും ഇയാളില്‍നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്.ആ കുട്ടിയോട് ഞാന്‍ കാര്യം പറഞ്ഞു.ആ കുട്ടിയില്‍നിന്നാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റിയിലേക്കും ഏരിയാ കമ്മിറ്റിയിലേക്കും കാര്യങ്ങള്‍ എത്തുന്നത്.ജീവന്‍ലാലിന്റെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐ.യിലുണ്ട്. പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്കു പ്രശ്‌നമാണെന്നായിരുന്നു അവരുടെയൊക്കെ അഭിപ്രായം.സി.പി.എം. കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്.വിഷയം സൂചിപ്പിച്ച ആരോടോ ‘അവര്‍ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ’ എന്ന് ജീവന്‍ലാലിന്റെ ബന്ധു പറഞ്ഞതായി അറിഞ്ഞു.അങ്ങനെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഞങ്ങള്‍ രേഖാമൂലം പരാതി കൊടുത്തത്.
ഏരിയാ കമ്മിറ്റി കൂടിയിട്ട് ജീവന്‍ലാലിനെ പാര്‍ട്ടിയില്‍നിന്നു പറത്താക്കിയെന്നാണ് ഞങ്ങളോടു പറഞ്ഞത്.എന്നിട്ടും അയാളെ പല പരിപാടികളിലും കണ്ടതോടെയാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ മൂന്നിന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ക്കു പരാതി കൊടുത്തു.ഇതിനിടെ ഞാന്‍ സാമൂഹികമാധ്യമങ്ങളിലിട്ട പോസ്റ്റുകള്‍ നേതാക്കളില്‍ പലരും കണ്ടിരുന്നു. പാര്‍ട്ടി കുടുംബമായിട്ടുപോലും ഒരാളും ഒന്നും ചെയ്തില്ല.മാത്രമല്ല, ഞങ്ങളെപ്പറ്റി മോശമായി പറഞ്ഞുനടക്കാനും തുടങ്ങി.ജീവന്‍ലാല്‍ വീട്ടിലെത്തി മാപ്പുപറഞ്ഞെങ്കിലും നടന്നതൊന്നും ക്ഷമിക്കാന്‍ കഴിയില്ല.വനിതാനേതാക്കള്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി.                                                         പാര്‍ട്ടിയെ കരിവാരിത്തേച്ചുവെന്ന് പലരും ഞങ്ങളെ കുറ്റപ്പെടുത്തി.പാര്‍ട്ടിക്കു മോശമാകരുതെന്നു കരുതിയാണ് ആദ്യം പുറത്തുപറയാതിരുന്നത്.ഇപ്പോള്‍ ഒരുവര്‍ഷം ജീവന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റിയില്‍നിന്ന് പറഞ്ഞു. പക്ഷേ, ഏതെങ്കിലും അന്വേഷണ കമ്മിഷനെ വെച്ച് അയാള്‍ തിരിച്ചുവന്നാല്‍ ഞങ്ങള്‍ പറഞ്ഞത് കള്ളമാകില്ലേ.അങ്ങനെയാണ് മുന്നോട്ടുപോകാന്‍തന്നെ തീരുമാനിച്ചത്.