തിരുവനന്തപുരം:2108 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി രൂക്ഷമായ പ്രതിസന്ധിയിലേക്ക്.സംസ്ഥാനത്താകെ ഇന്നു മുടങ്ങിയത് 600 സര്‍വീസുകളാണ്.നാളെ മുതല്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് അധികൃതര്‍. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്.പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കോടതി നിര്‍ദ്ദേശം. ഇതോടെ ബസ് ഓടിക്കാന്‍ ആളില്ലാത്ത അവസ്ഥയായി.
പ്രവൃത്തിദിനമായ നാളെ പ്രതിസന്ധി രൂക്ഷമാകുമെന്ന വ്യക്തമായതോടെ അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്ന് മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാനായിരിക്കും അധികൃതരുടെ ശ്രമം.
അതേസമയം പിരിച്ചുവിട്ട ഡ്രൈവര്‍മാരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.ഈ കേസിലെ വിധിയറിഞ്ഞിട്ടായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടികളെടുക്കുന്നത്.