Mമൂന്നാര്‍: മന്ത്രി എംഎം മണി കൈയേറ്റക്കാരുടെ മിശിഹയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ജോയ്‌സ് ജോര്‍ജിന്‌റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞത് നെറികെട്ട ആരോപണമാണെന്നും മണി സിപിഐക്കെതിരെ തിരിഞ്ഞത് കൈയേറ്റക്കാരെ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം നേതാക്കള്‍ ആരൊക്കെ പണം വാങ്ങിയെന്ന് പറയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി. രാഷ്ട്രീയ പ്രവര്‍ത്തനം കൊടുക്കല്‍ വാങ്ങലുകളുടേതാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ല. കൈയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതാണ് എംഎം മണിയെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐയുടെ പ്രാദേശിക നേതാക്കളില്‍ ആരെങ്കിലുമൊരാള്‍ കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ പണം വാങ്ങിയെന്ന് തെളിയിക്കാമെങ്കില്‍ അയാള്‍ പിന്നീട് സിപിഐയിലുണ്ടാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. അതുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ പച്ചയായി കൈയേറ്റക്കാര്‍ക്ക് വേണ്ടി വര്‍ത്തമാനം പറയുന്ന രീതിയിലേക്ക് ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രി അധ:പതിച്ച് കൂടായിരുന്നുവെന്നും ഇങ്ങോട്ട് പറയുന്നതിന് മറുപടിപറയേണ്ടിവരും, അത് പറയുകയും ചെയ്യുമെന്നും അദ്ദേഹം കെ.കെ. ശിവരാമന്‍ പറഞ്ഞു.
സിപിഐ കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. അവരുമായി ചങ്ങാത്തം കൂടിയിട്ടില്ല, കൈയേറ്റക്കാരുടെ പ്രതിഫലം പറ്റിയിട്ടില്ല, കൈയേറ്റത്തിനെതിരായ ഉറച്ച നിലപാട് അന്നും ഇന്നും സിപിഐയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.