തിരുവനന്തപുരം : എം.ജി രാജമാണിക്യം ഐ എ എസിനെ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ കെഎസ്ആര്‍ടിസി എംഡിയായിരുന്നു അദ്ദേഹം. ഡിജിപി എ ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ച സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ അന്വേഷണ സംഘ തലവനായിരുന്ന ഹേമചന്ദ്രനെതിരെ ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ രക്ഷിക്കാനായി ഹേമചന്ദ്രന്‍ അന്വേഷണം വഴിതിരിച്ചുവിട്ടതായും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലായിരുന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ രാജമാണിക്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കരണം, ഷെഡ്യൂള്‍ പുനഃക്രമീകരണം അടക്കം സുപ്രധാനമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ രാജമാണിക്യം നടപ്പിലാക്കിയിരുന്നു.