ന്യൂഡല്‍ഹി: റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് ആശുപത്രിയിലെത്തി അദ്ദേഹം ആന്റണിയെ സന്ദര്‍ശിച്ചത്.

ഡോക്ടര്‍മാരുമായി സംസാരിച്ച അദ്ദേഹം ആന്റണിയുടെ ആരോഗ്യസ്ഥിഗതികള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രാഹുല്‍ ആന്റണിയെ കാണാനെത്തിയത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ആന്റണിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുളിമുറിയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് എകെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരണമാണ്. എകെ ആന്റണിയുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും എംഎംഹസന്‍ അറിയിച്ചു.