ഡല്‍ഹി:മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിന് ആശ്വാസം. രണ്ടിടത്തും കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കം.രാജസ്ഥാനില്‍ ബിജെപിയ്ക്ക് കാലിടറുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ,ടൈംസ് നൗ,റിപ്പബ്ലിക്ക് ടിവി എന്നിവയുടെ എക്സിറ്റ് പോളിലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുന്‍തൂക്കം പ്രവചിക്കുന്നത്.കോണ്‍ഗ്രസ് 119 മുതല്‍ 141 സീറ്റുകളും ബിജെപി 55 മുതല്‍ 72 വരെ സീറ്റുകളും നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.കോണ്‍ഗ്രസിനും ബിജെപിക്കും ബിഎസ്പിക്കും കൂടാതെ സിപിഐ എം ഉള്‍പ്പെടുന്ന സംഖ്യം 3- 15 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.ഇന്ത്യ ടുഡെ ആക്സിസ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 104 മുതല്‍ 122 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപി 102നും 120നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നും പറയുന്നു. ബിഎസ്പി ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകളും നേടും.
തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസ് നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോള്‍ ഫലം. കോണ്‍ഗ്രസ് സഖ്യം 37 സീറ്റുകള്‍ നേടും.ബിജെപി ഏഴ് സീറ്റും മറ്റു കക്ഷികള്‍ ഒന്‍പത് സീറ്റ് നേടും.
മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. എംഎന്‍എഫ് 16-20 വരെ സീറ്റും കോണ്‍ഗ്രസ് 16 മുതല്‍ 18 സീറ്റുകളും നേടുമെന്നാണ് പ്രവചനം.സൊറാം പ്യൂപ്പിള്‍സ് മൂവ്മെന്റ് 3 മുതല്‍ 7 സീറ്റുകള്‍ വരെ നേടുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലം.