കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മർദ്ദനത്തിനിരയായ പൊലീസ് ഡ്രൈവർ ഗവാസ്കർ ഹൈക്കോടതിയിൽ. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. തന്റെ കൈകളിൽ കയറിപ്പിടിച്ചെന്നാണ് സ്നിഗ്ധ പരാതി നൽകിയത്. നിലവിൽ ഗവാസ്കറിന്റേയും സ്നിഗ്ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.
നേരത്തെ, ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങളാണ് ഗവാസ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.
സുധേഷിന്റെ മകൾ സ്നിഗ്ധ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്കർ പരാതി നൽകിയിരുന്നു. കനകക്കുന്നിൽ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്നിഗ്ധ പാർക്കിലെ പൊതുപാർക്കിങ് സ്ഥലത്തു വച്ച് മർദ്ദിച്ചെന്നും തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
