ഗ്വാളിയോര്‍: ശക്തമായ എതിര്‍പ്പുകള്‍ക്ക് അവഗണിച്ച് മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗാന്ധിഘാതകന്‍ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. നവംബര്‍ 15 ന് ഗോഡ്സെയുടെ 68-ാമത് ചരമദിനത്തിലാണ് ഗ്വാളിയോറിലെ ഓഫീസില്‍ ഹിന്ദു മഹാസഭ പ്രതിമ സ്ഥാപിച്ച് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ ഭൂമി നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം ഭൂമിയിലാണ് മഹാസഭ പ്രതിമ നിര്‍മിച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ ഘാതകനും തീവ്ര ഹിന്ദുത്വവാദിയുമായ ഗോഡ്സെയ്ക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ഹിന്ദു മഹാസഭ നേരത്തെ ഭൂമി ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ മഹാസഭ തങ്ങളുടെ നേതാവിന് പ്രതിമ ഒരുക്കിയിരിക്കുന്നത്.