ചിലത് സന്തോഷത്തോടെയും മറ്റുചിലത് മനസ്സില്ലാമനസ്സോടെയും ചെയ്യുന്നുവെങ്കില്‍ അവിടെ  നമ്മുടെ പ്രവൃത്തികള്‍ രണ്ടായി പിരിയുകയാണ്. ചെയ്യുന്ന പ്രവൃത്തിയുടെ ഭാവി ഫലത്തിലെ നന്മതിന്മകളെ ആശ്രയിച്ചല്ല ഈ വേര്‍തിരിവ്. ഓരോ പ്രവൃത്തിയും ചെയ്യുമ്പോഴുള്ള നമ്മുടെ മനോഭാവത്തെ ആശ്രയിച്ചാണ് ഈ വ്യത്യാസം! സ്വന്തം മക്കള്‍ക്കുവേണ്ടി ഒരു നന്മ ചെയ്യുമ്പോഴും ജോലിസ്ഥലത്ത് ജോലിയുടെ ഭാഗമായി ഒരാളെ സേവിക്കുമ്പോഴും ഒരേ സന്തോഷം അനുഭവിക്കാനായാല്‍ ആ സന്തോഷം ഒരിക്കലും മുറിഞ്ഞുപോകുന്നില്ല. ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു, ഭാവിഫലം ലാഭമോ നഷ്ടമോ എന്നെല്ലാം നോക്കി പ്രവൃത്തികളെ വേര്‍തിരിക്കുന്നിടത്താണ് നമ്മുടെ സന്തോഷത്തിന്‍റെ അതിര് നിശ്ചയിക്കപ്പെടുന്നത്. ഇപ്പോള്‍ നാം എവിടെയാണോ അവിടെ നമുക്ക് എന്തു ചെയ്യാനുണ്ടോ അത് സന്തോഷത്തോടെ ചെയ്യുക എന്നതാണ് അതിരുകളില്ലാത്ത സേവനം. ഒരു പ്രവൃത്തി  സന്തോഷത്തോടെ ചെയ്യുമ്പോള്‍ നാം നമ്മെത്തന്നെയാണ് സഹായിക്കുന്നത്. സന്തോഷത്തോടെയല്ലാതെ ചെയ്യുന്ന ഓരോ പ്രവൃത്തിയിലൂടെയും നാം സ്വയം ദ്രോഹം ചെയ്യുന്നു! ഭഗവാനെ പൂജിക്കുമ്പോഴും വീട്ടുകാരെ സേവിക്കുമ്പോഴും ജോലിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒരേ മനസ്സോടെ ആയിരിക്കുന്നവരുടെ ആനന്ദം അഖണ്ഡാനുഭൂതിയായിരിക്കും.

ഓം

കൃഷ്ണകുമാര്‍ കെ. പി.