പാലാ : കെ എം മാണിയുടെ വിയോഗത്തെത്തുടർന്നു പാലാ നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാമപുരം പഞ്ചായത്തിൽ തുടങ്ങിയ ലീഡ് കടനാടിലും മാണി സി കാപ്പൻ ആവർത്തിച്ചു .കടനാട് പഞ്ചായത്തിലെ വോട്ടെണ്ണിക്കഴിഞ്ഞു മേലുകാവിലെത്തിയപ്പോൾ രണ്ടായിരത്തി ഇരുന്നൂറിലേറെ വോട്ടുകൾക്ക് മാണി സി കാപ്പൻ മുന്നിലെത്തി .നാലാം റൗണ്ടിലേക്ക് എത്തുമ്പോൾ രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയാറ് വോട്ടിന്റെ ഭൂരിപക്ഷം നേടി മാണി സി കാപ്പൻ സമ്പൂർണ്ണ ആധിപത്യം നേടി . പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല കാപ്പന് . യു ഡി എഫ് പ്രതീക്ഷ വച്ചിരുന്ന ഭരണങ്ങാനം എത്തിയപ്പോൾ മൂവായിരത്തി എഴുന്നൂറ്റി അൻപത്തിയേഴു വോട്ടുകൾ നേടി മാണി സി കാപ്പൻ ലീഡ് വർദ്ധിപ്പിച്ചു. എട്ടാമത്തെ പഞ്ചായത്തായ കാരൂർ എത്തിയപ്പോൾ ലീഡ് നാലായിരമായി കൂടി .പത്താം റൗണ്ട് പൂർത്തിയായതോടെ മൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതു വോട്ടായി കുറഞ്ഞിട്ടുണ്ട് മാണി സി കാപ്പന്റെ ലീഡ് . അവസാന റൗണ്ട് എണ്ണിത്തുടങ്ങുമ്പോൾ രണ്ടായിരത്തി ഇരുന്നൂറ്റി നാല്പത്തിയേഴു വോട്ടുകളായി മാണി സി കാപ്പന്റെ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ഇനി ഒരു തിരിച്ചു വരവിനു ശക്തിയില്ലാതെ ജോസ് ടോം പിന്തള്ളപ്പെട്ടു കഴിഞ്ഞു . ഒടുവിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രണ്ടായിരത്തി തൊള്ളായിരത്തി നാൽപ്പത്തിമൂന്നു വോട്ടുകൾക്ക് മാണി സി കാപ്പൻ വിജയിച്ചു .
മാണി സി കാപ്പനിലൂടെ ചരിത്ര വിജയം സ്വന്തമാക്കിയ ഇടതുമുന്നണിക്ക് കുറച്ചൊന്നുമല്ല ഈ വിജയം സമ്മാനിക്കുന്ന ആത്മവിശ്വാസം .മുഖ്യമന്ത്രി പിണറായി വിജയന് അഞ്ചു നിയോജകമണ്ഡലത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിജയം കരുത്താകും .