ന്യൂഡല്‍ഹി:എയര്‍സെല്‍- മാക്സിസ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രധനകാര്യ മന്ത്രിയുമായ പി ചിദംബരത്തിനെഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രം നവംബര്‍ 26ന് കോടതി പരിഗണിക്കും.കേസില്‍ സിബിഐ കഴിഞ്ഞമാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയതാണ് കേസ്.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്.ഭാസ്‌കരരാമന്‍, മുന്‍ ധനകാര്യ സെക്രട്ടറി അശോക് ചാവ്ള, സാമ്പത്തികകാര്യ വകുപ്പു മുന്‍സെക്രട്ടറി അശോക് ഝാ എന്നിവരടക്കം ഒമ്പത് പേര്‍ കേസില്‍ പ്രതികളാണ്.
നവംബര്‍ ഒന്ന് വരെ ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും സിബിഐയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.