എരുമേലി:ശബരിമലയില്‍ മണ്ഡലകാലത്തിന്റെ തുടക്കത്തിലെ സംഘര്‍ഷങ്ങളും നിരോധനാജ്ഞയും ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ഏറെ പ്രതീക്ഷകളോടെ കടകള്‍ ലേലത്തിനെടുത്ത വ്യാപാരികളെയാണ്. ലക്ഷക്കണക്കിനു രൂപയ്ക്ക് കടകള്‍ ലേലത്തിനെടുത്തവര്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടില്ലെന്ന ബോധ്യത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. സന്നിധാനം കഴിഞ്ഞാല്‍ ഏറ്റവുമധികം കടകളുള്ള എരുമേലിയിലെ വ്യാപാരികളാണ് ദേവസ്വം ബോര്‍ഡിനെതിരെ തിരിഞ്ഞത്.
എരുമേലിയില്‍ ഹോട്ടലുകളടക്കം 57ഓളം കടകളാണ് ദേവസ്വം ബോര്‍ഡ് ലേലത്തില്‍ നല്‍കിയത്. പത്തുലക്ഷംവരെ മുടക്കിയാണ് കടകള്‍ ലേലത്തിനെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വലിയ വരുമാനമുണ്ടാക്കിയ വ്യാപാരമേഖലയാണ് പ്രതിഷേധങ്ങളെത്തുടര്‍ന്ന് കിതച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ രണ്ടുദിവസമായി പോലീസ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയതും പ്രതിഷേധങ്ങള്‍ കുറഞ്ഞതും ശബരിമലയില്‍ വീണ്ടും തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ എരുമേലിയിലെ നിരോധനാജ്ഞയും പിന്‍വലിച്ചതോടെ മുന്‍കാലങ്ങളിലേപ്പോലെ തന്നെ ഭക്തജനത്തിരക്കുണ്ടാവുമെന്നും ഇത് വ്യാപാരി മേഖലയെ പുനരുജ്ജീവിപ്പിക്കുെമന്നുമാണ് ദേവസ്വംബോര്‍ഡ് കരുതുന്നത്.