പാലക്കാട്:എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനെത്തിയ തമിഴ്‌നാട്ടുകാരായ മൂന്നു യുവതികള്‍ പോലീസ് കസ്റ്റഡിയില്‍.
തിരുപ്പൂര്‍ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് സൂചനയുണ്ട്.പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരെയും കസ്റ്റഡിയിലെടുത്തു.
ഹിന്ദുമക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകര്‍ ഇന്ന് വാവര് പള്ളിയില്‍ എത്തുമെന്ന രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.പുലര്‍ച്ചെ മുതല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ചെക് പോസ്റ്റുകളില്‍ ഉണ്ടായിരുന്നത്.
കലാപം സൃഷ്ടിയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.കൊഴിഞ്ഞാംപാറ സ്‌റ്റേഷനിലുള്ള ഇവരെ ചോദ്യം ചെയ്യാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തും.തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദുമക്കള്‍ കക്ഷിയുടെ നേതാവ് അര്‍ജുന്‍ സമ്പത്ത് വാവരുപള്ളിയില്‍ സ്ത്രീകളെ എത്തിക്കുമെന്ന് പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് വാവരു പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഹിന്ദു മക്കള്‍ കക്ഷി ശ്രമിക്കുന്നത്.