തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള ഒ.എം.ആര്‍. പരീക്ഷയുടെ മൂല്യനിര്‍ണയം പി.എസ്.സി. ആരംഭിച്ചു. ഷാഡോ ലിസ്റ്റ് ഈ മാസത്തോടെ ജില്ലാ ഓഫീസുകള്‍ക്ക് കൈമാറും. ഡിസംബര്‍ ആദ്യം സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലെയും സാധ്യതാപട്ടികയില്‍ മൊത്തം 30,000 പേര്‍ ഉണ്ടാകും. എല്‍.ഡി.ക്ലാര്‍ക്കിന്റെ കഴിഞ്ഞ സാധ്യതാപട്ടികയില്‍ 55,000 പേരാണുണ്ടായിരുന്നത്. ഇത്തവണ അതില്‍ 25,000 ത്തോളം പേരുടെ കുറവുണ്ടാകും. നിയമനം കുറഞ്ഞതാണ് കാരണമായി പി.എസ്.സി. പറയുന്നത്. 14 ജില്ലകളുടെയും മുഖ്യപട്ടികയില്‍ 14,400 പേരെ ഉള്‍പ്പെടുത്താന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ബാക്കിയുള്ളവര്‍ സംവരണസമുദായങ്ങളുടെയും ഭിന്നശേഷിയുള്ളവരുടെയും ഉപപട്ടികയില്‍ ഉള്‍പ്പെടും. ഏറ്റവും വലിയ സാധ്യതാപട്ടിക തിരുവനന്തപുരത്തിന്റെയും ചെറുത് വയനാടിന്റേതുമാകും. 2018 ഫെബ്രുവരിക്കു മുന്‍പ് രേഖാപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് 31ന് പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.