തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഇത്തവണ കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

കവി, വിവര്‍ത്തകന്‍, നാടകകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സച്ചിദാനന്ദന്‍. എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍, കവിബുദ്ധന്‍, അഞ്ചുസൂര്യന്‍, പീഡനകാലം, മലയാളം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവയാണ് പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍.

ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2010 ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്