തിരുവനന്തപുരം:ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്.സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്.
1942 സെപ്തംബര്‍ 10ന് മാഹി (മയ്യഴി)യിലാണ് മുകുന്ദന്‍ ജനിച്ചത്.1961ല്‍ ആദ്യ കഥ പുറത്തുവന്നു.40 വര്‍ഷത്തോളം ഡല്‍ഹിയിലാണ് അദ്ദേഹം കഴിഞ്ഞത്.ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു.’വീട്’,’നദിയും തോണിയും’ തുടങ്ങിയവയാണ് ആദ്യകാല കൃതികള്‍.                                                                                                                                      മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,ദൈവത്തിന്റെ വികൃതികള്‍,ദല്‍ഹി,ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു,ആദിത്യനും രാധയും മറ്റുചിലരും,ആവിലായിലെ സൂര്യോദയം,കേശവന്റെ വിലാപങ്ങള്‍,ആകാശത്തിന് ചുവട്ടില്‍,കിളിവന്നു വിളിപ്പോള്‍,ഒരു ദളിത് യുവതിയുടെ കദനകഥ,ഈ ലോകം ഇതിലൊരു മനുഷ്യന്‍, സീത,നൃത്തം,പ്രവാസം തുടങ്ങിവയാണ് നോവലുകള്‍.
സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഒഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി,വയലാര്‍ അവാര്‍ഡ്,എം പി പോള്‍ അവാര്‍ഡ്,എന്‍ വി പുരസ്‌കാരം,മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.