തിരുവനന്തപുരം:ശബരിമലയില്‍ സുരക്ഷാച്ചുമതല വഹിച്ചിരുന്ന എസ് പി യതീക്ഷ്ചന്ദ്രയ്ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ മകന് നിയമനടപടിക്ക് ഒരുങ്ങുന്നു. മകന്റെ ചോറൂണിനായി പോയപ്പോള്‍ നിലയ്ക്കലില്‍വച്ച് തന്നെയും കുടുംബത്തെയും അപമാനിച്ചതിന് മാപ്പ് പറഞ്ഞ് 25 ലക്ഷം രൂപ നല്‍കണമെന്നാണ് വക്കീല്‍ നോട്ടീല് ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ ഓഫീസില്‍ നിന്നാണ് നോട്ടീസ് തയ്യാറാക്കിരിക്കുന്നത്.
ശബരിമലയില്‍വച്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ച ശേഷം കെ പി ശശികല വീണ്ടും ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോഴാണ് ഇവരെ എസ്പി യതീഷ് ചന്ദ്ര തടഞ്ഞത്. കെഎസ്ആര്‍ടിസി ബസില്‍ വച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പോലീസിന്റെ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് നല്‍കിയാണ് ശശികലയെ സന്നിധാനത്തേക്ക് വിട്ടത്. നിര്‍ദേശിച്ചിട്ടുള്ള സമയത്തിനുള്ളില്‍ മടങ്ങിവരണമെന്നും കുട്ടികളെയും കൊണ്ട് സന്നിധാനത്ത് തങ്ങാന്‍ പാടില്ലെന്നുമായിരുന്നു ശശികലയോട് പോലീസ് ആവശ്യപ്പെട്ടത്.എന്നാല്‍ യതീഷ് ചന്ദ്രയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായത്.