തിരുവനന്തപുരം:പണിമുടക്കിന്റെ രണ്ടാം ദിവസം സ്റ്റാച്യുവിലെ
എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തിരുവനന്തപുരം ജില്ലയിലെ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കള്‍ അറസ്റ്റില്‍. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍, എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍ എന്നിവരാണ് അറസ്റ്റിലായത്. അശോകന്‍ ട്രഷറി ഡയറക്ടറേറ്റിലേ ഉദ്യോഗസ്ഥനാണ്.ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ അറ്റന്‍ഡറാണ് ഹരിലാല്‍.കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.
അശോകനും ഹരിലാലും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതും സാധനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
പണിമുടക്കായിട്ട് എസ്ബിഐ ഓഫീസ് പ്രവര്‍ത്തിച്ചതില്‍ പ്രകോപിതരായാണ് നേതാക്കളും പ്രവര്‍ത്തകരും ഓഫീസില്‍ ഇടിച്ചുകയറി അക്രമം നടത്തിയത്. മാനേജരുടെ ക്യാബിന്‍ തകര്‍ക്കുകയും മാനേജരെ കൈയേറ്റം ചെയ്യുകയും ചെയ്തു.