തിരുവനന്തപുരം:ദേശീയ പണിമുടക്കിനിടെ സ്റ്റാച്യുവിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസ് ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു.എന്‍ജിഒ യൂണിയന്‍ നേതാക്കളായ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.എന്‍ജിഒ യൂണിയന്‍ നേതാവായ ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍ സുരേഷിനെക്കൂടി കേസില്‍ പ്രതിചേര്‍ത്തു.ഇതുവരെ രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ പ്രതികളായവര്‍ ഓഫീസിലെത്തിയാല്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടിതലത്തിലും പോലീസും ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ പോലീസ് നിലപാട് കടുപ്പിച്ചത്.പ്രതികള്‍ ജോലി ചെയ്യുന്ന ഓഫീസുകളിലെ മേധാവികള്‍ക്ക് തിങ്കളാഴ്ച്ച നോട്ടീസ് നല്‍കും.പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
കേസില്‍ ആകെ 15 പ്രതികളാണുള്ളത്.റിമാന്‍ഡില്‍ കഴിയുന്ന അശോകന്‍, ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.ഇവര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.
ബാങ്കിനുണ്ടായ നഷ്ടം നല്‍കി കേസ് പിന്‍വലിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ ബാങ്ക് മാനേജര്‍ ഇത് നിഷേധിച്ചു.ഇതിനിടെ ബാങ്ക് ആക്രമിച്ച ഇടതു നേതാക്കള്‍ അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാര്‍ റീജിയണല്‍ മാനേജര്‍ക്കു പരാതിയും നല്‍കിയത് പ്രതികളെ കൂടുതല്‍ കുരുക്കിലാക്കിയിട്ടുണ്ട്.