ഗോവ: ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അന്താരാഷ്ട്ര മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിച്ചില്ല.ഇതോടെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.
പ്രത്യേകമായി പടം കണ്ട ജൂറി നിര്‍ദേശിച്ചിട്ടും പ്രദര്‍ശിപ്പിക്കാതിരുന്നത് കോടതി അലക്ഷ്യമാണെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിനെ വിളിച്ചു വീണ്ടും അഭിപ്രായം തേടിയെന്ന ഐ എഫ് എഫ് ഐയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടിക്ക് പുറകില്‍ കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

അതിനിടെ എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. സിനിമയുടെ പേര് സംബന്ധിച്ച പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത്. ചിത്രത്തിന്റെ പേരില്‍ വ്യക്തതക്കുറവുണ്ടെന്നാണ് സെന്‍സര്‍ബോര്‍ഡ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ രേഖാമൂലം അറിയിച്ചത്.

ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനിമ വീണ്ടും സെന്‍സര്‍ഷിപ്പിനായി സമര്‍പ്പിക്കാമെന്നും സെന്‍സര്‍ബോര്‍ഡ് അറിയിച്ചു. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഐ.എഫ്.എഫ്.കെയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് ഇത് തടസ്സമാകും.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സിനിമ ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡ് നേരത്തേ വിസമ്മതിച്ചിരുന്നു. സെക്സി ദുര്‍ഗ എന്ന പേര് മാറ്റി എസ് ദുര്‍ഗ എന്നാക്കിയ ശേഷമാണ് വീണ്ടും സെന്‍സര്‍ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഗോവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഹൈക്കോടതി ഇടപെട്ടെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗോവയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകന് ലഭിക്കുന്നത്.