കൊച്ചി:എകെ ആന്റണിക്കെതിരായ കെഎസ്‌യു പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് മുന്‍ മന്ത്രി കെ.ബാബു.പ്രമേയം ശുദ്ധ അസംബന്ധവും എ.കെ.ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണെന്ന് കെബാബു ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെ ‘അങ്ങും പുത്രവാല്‍സല്യത്താല്‍ അന്ധനായോ’ എന്നു തുടങ്ങി വലിയ രീതിയിലുള്ള വിമര്‍ശനമാണ് പ്രമേയത്തിലൂടെ കെഎസ് യു ഉന്നയിച്ചത്.ഇതിനെ വിമര്‍ശിച്ചുകൊണ്ട് ആന്റണിക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ ആകാമായിരുന്നുവെന്ന് കെ.ബാബു പറയുന്നു.

കെ.ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:-

എ. കെ. ആന്റണിയ്‌ക്കെതിരായ പ്രമേയം കെ.എസ്.യുവിന് ഭൂഷണമല്ല

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാവ് എ. കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട് കെ. എസ്. യു. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചതായി പറയപ്പെടുന്ന പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ല. ഈ നടപടി വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രസ്തുത പ്രമേയം ശുദ്ധ അസംബന്ധവും എ. കെ. ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണ്. സ്വന്തം സഹോദരങ്ങള്‍ക്ക് വേണ്ടി പോലും സ്വജനപക്ഷപാതം ചെയ്യാത്ത നേതാവാണ് എ.കെ.ആന്റണി. എ. കെ.ആന്റണിക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ ആകാമായിരുന്നു. അനില്‍ ആന്റണി ഐ ടി വിദഗ്ധനാണ്. അനിലിന്റെ ഐ ടി വൈദഗ്ധ്യം അറിയാവുന്ന കെ.പി.സി.സി. പ്രസിഡണ്ടാണ് അനിലിനെ കെ പി സി സിയുടെ ഐ ടി വിഭാഗം തലവനാക്കിയത്.എ കെ ആന്റണിക്ക് അതില്‍ യാതൊരു പങ്കുമില്ല. എ. കെ. ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയും. സംസ്‌കാര ശൂന്യവും രാഷ്ടീയ മാന്യതയ്ക്ക് നിരക്കാത്തതുമാണ് ഈ ഉപദേശികളുടെ ചെയ്തികള്‍. സൂചികൊണ്ടായാലും കണ്ണില്‍ കുത്തിയാല്‍ നോവുമെന്ന് ഈ കുട്ടികളുടെ രാഷ്ട്രീയ യജമാനന്മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.