തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എ.കെ ശശീന്ദ്രന്‍ ഉടനെത്തും. ഇതുസംബന്ധിച്ചുള്ള എന്‍.സി.പി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന ഇടതുമുന്നണി പരിഗണിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്കും ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍ പദവി ഏറ്റെടുക്കല്‍ ഉടനുണ്ടാകുമെന്നാണ് എന്‍.സി.പി നേതൃത്വം നല്‍കുന്ന സൂചനകള്‍.

കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ ശേഷം ആക്ടിങ് പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഇടതുമുന്നണി നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചിരുന്നു. ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ ശശീന്ദ്രന് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തീരുമാനം വൈകിപ്പിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ മന്ത്രിയാക്കാനാവില്ലെന്നും ഇടതുമുന്നണി വിശദമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കാമെന്നുമായിരുന്നു മറുപടി. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാനാണ് എന്‍.സി.പി തീരുമാനം.

ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താനൊറ്റക്കല്ലെന്നും കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും നിഗമനങ്ങളും വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എ.കെ ശശീന്ദ്രനല്ല അദ്ദേഹത്തിന്റെ ഫോണ്‍വിളി സംപ്രേഷണം ചെയ്ത ചാനലാണ് തെറ്റുകാരെന്നതാണ് റിപ്പോര്‍ട്ടിന്റെ സത്തയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് മേല്‍ വകുപ്പുകളുടെ ഭാരം കൂടിയ സ്ഥിതിക്ക് ഭാരമൊഴിവാക്കേണ്ടേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വേഗം ഒഴിയണമെന്നായിരുന്നു മറുപടി. ഗതാഗത വകുപ്പ് വൈകാതെ തന്നെ ഒഴിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. കോടതിയില്‍ അത് തീര്‍പ്പാകുമെന്ന പ്രതീക്ഷ എന്‍.സി.പി നേതൃത്വത്തിനുണ്ട്. ഹൈക്കോടതിയില്‍ കേസിന്റെ ഭാവിയനുസരിച്ച് തൊട്ടടുത്ത ദിവസം തന്നെ എന്‍.സി.പി സംസ്ഥാന നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും. ഇടതുമുന്നണി യോഗവും തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍, ശശീന്ദ്രന്റെ തിരിച്ചുവരവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ശശീന്ദ്രന്‍ ധാര്‍മ്മികമായി കുറ്റവിമുക്തനല്ലെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് ശരിയല്ലെന്നുമാണ് വാദം.