തിരുവനന്തപുരം:മുന്‍ എംപി എ.സമ്പത്തിന്റെ കാറില്‍
എക്സ് എംപി എന്ന് ബോര്‍ഡ് വെച്ചതായുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദപ്രകടനവുമായി കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും ഷാഫി പറമ്പിലും.പ്രതികരണങ്ങള്‍ അതത് സമയത്ത് മുന്നില്‍ വരുന്ന വാര്ത്തകളോടാണെന്നും മറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ലെന്നും വിടി ബല്‍റാം പറയുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
ഒരു മുന്‍ എംപിയുടെ കാറിനേ സംബന്ധിച്ച വാര്‍ത്തകള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാപക പ്രചരണത്തിനും ശേഷമാണ് ശ്രദ്ധയില്‍ പെട്ടത്. അതിനോടുള്ള പ്രതികരണവും ആ വാര്‍ത്തകളുടെ സ്വാധീനത്തിലാണ്. പാലക്കാട്ടെ പരാജയപ്പെട്ട എംപിയുടെ സമീപ ദിവസങ്ങളിലെ പ്രതികരണങ്ങളിലെ അപഹാസ്യതയുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ വാര്‍ത്തക്കും പ്രാധാന്യം കൈവരുന്നത്. ജനങ്ങള്‍ നല്കിയ തോല്‍വിയെ അംഗീകരിക്കാന്‍ കഴിയാത്ത സിപിഎം നേതാക്കളോടുള്ള രാഷ്ട്രീയ വിമര്‍ശനം തന്നെയായിരുന്നു പോസ്റ്റിന്റെ കാതല്‍. ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമര്‍ശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ല.
അതിന്റെ മറുവശമെന്നോണം മറ്റ് ചിത്രങ്ങളും വിശദീകരണങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട മുന്‍ എംപിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം വ്യാജമാകാം എന്ന് മാത്രമേ അദ്ദേഹവും പറയുന്നതായി കാണുന്നുള്ളൂ. അത്തരത്തിലുള്ള ഒരു സംശയത്തിന്റെ സാഹചര്യത്തിലാണ് ആദ്യ പോസ്റ്റ് പിന്‍വലിക്കുന്നത്. പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോഴിക്കോട് എം കെ രാഘവന് എംപിക്കെതിരെ ഒരു ഉത്തരേന്ത്യന്‍ മാധ്യമം വ്യാജവാര്‍ത്ത നല്കിയപ്പോള് അത് ആഘോഷിച്ചവരാണ് ഇവിടത്തെ സിപിഎമ്മുകാര്‍. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയുള്ളവര്‍ അന്ന് എംകെ രാഘവനെതിരെ നടത്തിയ അധിക്ഷേപങ്ങളൊന്നും പിന്നീട് ആ വിഡിയോ വ്യാജമായിരുന്നു എന്ന് വ്യക്തമായിട്ടും ഒരക്ഷരം തിരുത്തിയിട്ടില്ല.വ്യക്തി തര്‍ക്കങ്ങളില്‍ പെട്ട് മരണമടയുന്നവരെപ്പോലും രാഷ്ട്രീയ രക്തസാക്ഷികളാക്കി കോണ്‍ഗ്രസിനെ അക്രമ രാഷ്ട്രീയക്കാരാക്കി ചിത്രീകരിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ നിരവധി വ്യാജപ്രചരണങ്ങളുടെ കാര്യത്തിലും മറിച്ച് തെളിയിക്കപ്പെട്ടിട്ടും ഒന്നുപോലും തിരുത്താന്‍ അദ്ദേഹമോ പാര്‍ട്ടിയോ തയ്യാറായിട്ടില്ല.
പ്രതികരണങ്ങള്‍ അതത് സമയത്ത് മുന്നില്‍ വരുന്ന വാര്‍ത്തകളോടാണ്.മറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ല.
ഷാഫി പറമ്പിലിന്റെ കുറിപ്പ്:-
തിരുവനന്തപുരം രജിസ്ട്രേഷന് ഇന്നോവ കാറിലെ Ex MP ബോര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റ് പിന്‍വലിക്കുന്നു.
അത് വ്യാജമായിരുന്നു എന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നു.ഇത് സംബന്ധിച്ച് പല പോസ്റ്റുകളും വന്നതിന് ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാര്‍ത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു .എന്റെ പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തി.സ്റ്റാഫ് അംഗമാണ് ഫോണില്‍ സംസാരിച്ചത്.
