ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാറ്റിനും വിമർശിക്കുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി ശരിയായ കാര്യങ്ങൾ ചെയ്തതിനെ പ്രശംസിക്കണമെന്നും കോൺഗ്രസ് നേതാവ് ശശി തരൂരും. പാർട്ടി സഹപ്രവർത്തകൻ ജയറാം രമേശിനെ പിന്തുണച്ചാണ് തരൂർ ഈ വിഷയത്തിൽ രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും രമേശിനെ പിന്തുണച്ചിരുന്നു. ശരിയായ കാര്യങ്ങൾ ചെയ്തതിന് പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് കൂടുതൽ വിശ്വാസ്യത നൽകുമെന്ന് തരൂർ പറഞ്ഞു. “നിങ്ങൾക്കറിയാവുന്നതുപോലെ, നരേന്ദ്ര മോദി ശരിയായ കാര്യം പറയുമ്പോഴോ ചെയ്യുമ്പോഴോ അദ്ദേഹത്തെ പ്രശംസിക്കണമെന്ന് ഞാൻ ആറുവർഷമായി വാദിക്കുന്നു, അത് അദ്ദേഹം തെറ്റുചെയ്യുമ്പോഴെല്ലാം നമ്മുടെ വിമർശനങ്ങൾക്ക് വിശ്വാസ്യത വർദ്ധിപ്പിക്കും. പ്രതിപക്ഷത്തുള്ള മറ്റുള്ളവരെ ഞാൻ സ്വാഗതം ചെയ്യുന്നു. ”തരൂർ പറഞ്ഞു.മനു അഭിഷേക് സാംഗ്വിയും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കേന്ദ്രത്തിന്റെ ‘ഉജ്ജ്വല’ പദ്ധതിയെ അദ്ദേഹം ട്വീറ്റിലൂടെ പുകഴ്ത്തുകയും ചെയ്തു. ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കണമെന്ന പാർട്ടി നേതാക്കളുടെ അഭിപ്രായത്തെക്കുറിച്ച് കോൺഗ്രസ് പത്രസമ്മേളനത്തിൽ ചോദിച്ചപ്പോൾ പാർട്ടി വക്താവ് മനീഷ് തിവാരി അതേക്കുറിച്ച് ഈ നേതാക്കളോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞു