ബംഗളൂരു: 2019ല്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ സീനിയര്‍ ടീം യോഗ്യത നേടി. ബംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡയിത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മക്കാവുവുനെ ഒന്നിനെതിരെ നാല് ഗോളിന് ഇന്ത്യ തകര്‍ത്തു. ആദ്യ പാദത്തില്‍ മക്കാവുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എയില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. നാല് മത്സരങ്ങളില്‍ നാലെണ്ണത്തിലും ഇന്ത്യ ജയിച്ചു.

മക്കാവുവിനെതിരെ 28-ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജെസിലൂടെ ഇന്ത്യ ലീഡ് നേടി. ഒമ്പത് മിനിറ്റിന് ശേഷം മക്കാവു സമനില പിടിച്ചു. നിക്കോളാസ് ടെറാറോയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. പത്ത് മിനിറ്റിന് ശേഷം സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. കളിയുടെ അധികസമയത്ത് ഇന്ത്യ വീണ്ടും ലക്ഷ്യം കണ്ടു.

ഇത്തവണ ജെജ ലാല്‍പെഖുല ആയിരുന്നു ഗോള്‍ സ്‌കോറര്‍. ലോക റാങ്കിങില്‍ ഇന്ത്യ 107-ാം സ്ഥാനത്തും മക്കാവു 182-ാം സ്ഥാനത്തുമാണ്.
2011ന് ശേഷം ഇന്ത്യ ആദ്യമായാണ് എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. അന്ന് എഎഫ്‌സി ചലഞ്ച് കപ്പ് ജേതാക്കളെന്ന നിലയിലായിരുന്നു ഇന്ത്യ പങ്കെടുത്തത്. യോഗ്യതാ മല്‍സരങ്ങളിലൂടെ ഏഷ്യന്‍ കപ്പില്‍ അവസാനമായി പങ്കെടുത്തത് 1984 ലാണ്. 1964ല്‍ ഫൈനലിലെത്തിയതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.