കൊച്ചി:ഐഎസിനുവേണ്ടി ചാവേറാകാന്‍ പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ തയ്യാറായിരുന്നതായി എന്‍ഐഎ കോടതിയില്‍.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ ഒപ്പമുള്ളവര്‍ പിന്‍തുണച്ചില്ലെന്നും റിയാസ് അബൂബക്കര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്‍ഐ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലായത്. റിയാസ് അബൂബക്കറുമായി അടുപ്പമുള്ള മൂന്നുപേരെ കൂടി എന്‍ഐഎ പ്രതിചേര്‍ത്തു.കരുനാഗപ്പള്ളി സ്വദേശിയും രണ്ടു കാസര്‍കോട്ടുകാരുമാണ് പ്രതികളായത്. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ റിയാസ് നടത്തിയ ഗൂഢാലോചനകളിലെല്ലാം ഇവരും പങ്കാളികള്‍ ആയിരുന്നെങ്കിലും പിന്നീട് പദ്ധതിയോട് സഹകരിക്കാതെ പിന്‍മാറിയെന്നാണ് ഇവരുടെ മൊഴി.തല്‍ക്കാലം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനായി അഞ്ച് ദിവസം റിയാസിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.