മനില: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ദക്ഷിണേഷ്യ വിഭാഗം തലവനായ ഇസ്നിലോണ് ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ്. മരാവിയില് നടന്ന ഏറ്റുമുട്ടലില്‍ ഫിലിപ്പൈന്‍സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ് പ്രതിരോധസെക്രട്ടറി ഡല്ഫിന് ലോറന്സാനയാണ് അറിയിച്ചത്.
51 വയസുകാരനായ ഹാപ്പിലോണിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. ഐഎസ് അനുകൂല സംഘടനയായ അബു സയ്യാഫിന്റെ നേതാവായിരുന്നു ഹാപ്പിലോണ്. ഹാപ്പിലോണിനൊപ്പം അബു സയ്യാഫിന്റെ മറ്റൊരു പ്രമുഖ നേതാവായ ഒമര്‍ മൗതെയും വധിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഫിലിപ്പീന്‍സിലെ മരാവി കേന്ദ്രീകരിച്ച് ഐഎസിന്റെ ദക്ഷിണേഷ്യ ആസ്ഥാനം രൂപീകരിക്കാനായിരുന്നു ഹാപ്പിലോണിന്റെയും സംഘത്തിന്റെയും ശ്രമം. കഴിഞ്ഞ മേയ് മുതല്‍ മരാവി ഇവരുടെ നിയന്ത്രണത്തിലാണ്.
ഹാപ്പിലോണിനെ വധിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്കകം മരാവി തിരിച്ചുപിടിക്കാനാകുമെന്ന് ഫിലിപ്പീന്‍സ് സേന പറഞ്ഞു.