കൊച്ചി:ഐഎസ് ബന്ധമുള്ള കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനൊപ്പം ഫൈസലിനേയും പ്രതി ചേര്‍ത്തിരുന്നു.ഖത്തറിലായിരുന്ന ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഫൈസല്‍ അറസ്റ്റിലായത്.
കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെപോലെ ഫൈസലും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതില്‍ ഇവര്‍ക്ക് അറിവുണ്ടെന്നാണ് വിവരം.ഓച്ചിറ വവ്വാക്കാവിലുള്ള ഫൈസലിന്റെ വീട്ടില്‍ ഇന്നലെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.എന്നാല്‍ കാര്യമായ രേഖകളൊന്നും കിട്ടിയില്ല .മകന് ഐഎസുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഫൈസലിന്റെ മാതാവ് പറയുന്നത്. ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച് ശേഷം ഫൈസല്‍ ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു.
നേരത്തെ ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ ചോദ്യം ചെയ്തതില്‍നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ഐഎസ് നിര്‍ദേശപ്രകാരം ഇയാള്‍ കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ തയ്യാറായിരുന്നതായി മൊഴി നല്‍കിയിരുന്നു. റിയാസിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഫൈസലിനേയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്.