കൊച്ചി:ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്.ഐസ്‌ക്രീം പാര്‍ലര്‍ കേസ് അവസാനിപ്പിക്കുന്നതിനെതിരെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേസില്‍ തുടരന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.വി എസ് അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷണിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്.
കേസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചതാണ്. കേസിന് മേല്‍നോട്ടം വഹിച്ചത് കോടതിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്ന് തെളിവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
1995-96 കാലത്ത് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.അന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയാണ്.1998-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകയായ അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.കേസ് അന്വേഷണത്തില്‍ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയെങ്കിലും പിന്നീട് ഇവര്‍ പിന്നീട് മൊഴി തിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി.വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ എ റൗഫ് വാര്‍ത്താസമ്മേളത്തില്‍ കുഞ്ഞാലിക്കുട്ടി പണം നല്‍കി ഇരകളെ സ്വാധീനിച്ചതായി വെളിപ്പെടുത്തിയിരുന്നു.റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടത്.