തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ ഔദ്യോഗിക കാമ്പസ് പ്രതിമാസ മാഗസിന്‍ ടെക്‌നോപോളിസ് ഉടന്‍ പുറത്തിറങ്ങും. ഐ.ടി മേഖലയിലെ പാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യസംരഭമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള തിരുവനന്തപുരം ടെക്‌നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്,  കോഴിക്കോട് സൈബര്‍ പാര്‍ക്ക്, ഒപ്പം കൊല്ലം, ചേര്‍ത്തല,  തൃശൂര്‍ എന്നിവിടങ്ങളിലെ ചെറുകിട ഐ ടി പാര്‍ക്കുകള്‍ എന്നിവയ്ക്ക് വേണ്ടിയാണു പ്രതിമാസ ക്യാമ്പസ് മാഗസിന്‍ പുറത്തിറക്കുന്നത്. 
സംസ്ഥാനത്തെ ഐ ടി ആവാസവ്യവസ്ഥയുടെ വ്യവസായ പ്രസരിപ്പും  ജീവിത ശൈലിയും ഒത്തു ചേര്‍ന്ന് ‘കേരളം ജോലിയെടുക്കുവാന്‍ പറ്റിയ മികച്ച സ്ഥലവും ജീവിക്കാന്‍ പറ്റിയ  രസകരമായ ഇടവും’ എന്ന തരത്തിലേക്ക് ഒരു അവബോധം  ഐ ടി പ്രൊഫെഷനലുകളുടെയും തീരുമാനമെടുക്കുന്ന ഒരു കൂട്ടം മുന്‍നിര വ്യക്തികളുടെയും ഇടയില്‍ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ഒരു ഒഫീഷ്യല്‍ മാഗസിന് കഴിയും എന്ന് കണ്ടറിഞ്ഞാണ് പുതിയ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. കേരളത്തിലെ  ലോകോത്തരമായ ഐ ടി അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തര ഐ ടി ബ്രാന്റുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക, വിദേശ ഐ ടി കമ്പനികളെ കേരളത്തില്‍ നിക്ഷേപം നടത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ഠിക്കുന്നതിനും ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തി വരുന്ന ശ്രമങ്ങളുടെ പിന്തുടര്‍ച്ചയായാണ് ഈ സംരംഭം. 
സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളിലുള്ള  80,000-ലധികം   പ്രൊഫെഷനലുകളെയും  600-ലധികം കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും അച്ചടി, വെബ്, സമൂഹ മാധ്യമങ്ങളെ കോര്‍ത്തിണക്കുന്നതിനും ഒരു വാര്‍ത്താ വിനിമയ പ്രതലമായി മാഗസിന്‍  മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒ ഹൃഷികേശ് നായര്‍ പറഞ്ഞു. കേരളത്തിലെ ഐ ടി വിപ്ലവത്തിന്റെ വിജയഗാഥ  മാഗസിനിലൂടെ  ആഗോള തലത്തില്‍ ഐ ടി രംഗത്ത് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള മുന്‍നിര വ്യക്തികളിലേക്കെത്തുമെന്നതില്‍ ഒരു സംശയമില്ല. കേരളത്തിലെ കുതിച്ചുയരുന്ന ഐടി വ്യവസായത്തിന്റെ  ശക്തനായ ഒരു വക്താവായി ടെക്‌നോപോളിസ് മാഗസിന്‍  മാറും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.