[author ]നിസാര്‍ മുഹമ്മദ്[/author]
‘ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍’. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍ ഷോട്ട്. പക്ഷെ, ആള്‍ക്കൂട്ടത്തില്‍ ഒതുങ്ങാത്ത കഥപാത്രങ്ങളായി അവരിലൊരുത്തരെയും ഫുള്‍ ഫോക്കസില്‍ പ്രേക്ഷക മനസിലേക്ക് കയറ്റിവിടുന്നതായിരുന്നു ഐ.വി ശശിയുടെ മാജിക്. അതുകൊണ്ടുതന്നെ ‘സാറിന്റെ സിനിമയില്‍ ഒരു സീന്‍, ഒരു ഡയലോഗ്’ എന്നഭ്യര്‍ത്ഥിച്ച് അഭിനേതാക്കള്‍ ശശിയ്ക്ക് ചുറ്റം വിനീതരായി നടന്നൊരു കാലമുണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയാണ് മലയാള സിനിമയുടെ സിംഹാസനത്തിലേക്ക് ഐ.വി ശശി നടന്നുകയറിയത്.
പിന്നീട്, അനാരോഗ്യത്തിന്റെ പിടിയില്‍ ചെറിയൊരു ഇടവേള. മലയാള സിനിമയിലേക്ക് മികച്ചൊരു തിരിച്ചുവരവിനായി ഒരുങ്ങുമ്പോഴാണ് ഐ.വി ശശിയെന്ന സംവിധായകനെ നഷ്ടപ്പെട്ടത്. രണ്ട് ഐ.എ.എസുകാര്‍ ചേര്‍ന്നെഴുതിയ തിരക്കഥ ഇഷ്ടപ്പെട്ട ശശി, ആ ചിത്രത്തിന് വേണ്ടി സെക്രട്ടറിയേറ്റും പരിസരവുമൊക്കെ ലൊക്കേഷനായി നിശ്ചയിച്ചിരിക്കുകയായിരുന്നു. 
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയുടെ അധ്യക്ഷനായി 2012ല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഐ.വി ശശിയോട് ഒരു ചോദ്യം ചോദിച്ചു. ‘ന്യൂജനറേഷന്‍ ചിത്രങ്ങളെക്കുറിച്ച് എന്താണഭിപ്രായം?. ‘ഞാനൊക്കെ പഴയ സ്‌കൂളല്ലേ, പുതിയ ജനറേഷന്‍ തന്നെ വിലയിരുത്തട്ടെ’-ചിരിച്ചുകൊണ്ടായിരുന്നു മറുപടി. തിരിഞ്ഞു നടക്കുമ്പോള്‍ ഒരു വാചകം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരുകാലത്ത് ഞാനുമൊരു ന്യൂജനറേഷനായിരുന്നു’. ഐ.വി ശശി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. പ്രേംനസീറെന്ന നടന് മുന്നില്‍ മലയാള സിനിമ വട്ടംകറങ്ങുമ്പോള്‍ പ്രതിനായകവേഷം ചെയ്തിരുന്ന കെ.പി ഉമ്മറിനെ മുഖ്യകഥാപാത്രമാക്കി ‘ഉല്‍സവം’ എന്ന മാസ്മരിക സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകന് ന്യൂജനറേഷന്‍ ഡയറക്ടറെന്ന  വിശേഷണമല്ലാതെ മറ്റെന്താണ് ചേരുക.
‘ഉത്സവം’ എന്ന ആ ചിത്രം ചുറ്റും സര്‍വത്ര വെള്ളമുണ്ടായിരുന്നിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാത്ത കൊച്ചിയിലെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞു. അതുവരെ കള്ളനും പൊലീസും കഥകള്‍ മാത്രം കണ്ടു ശീലിച്ച മലയാളി പ്രേക്ഷകര്‍ തങ്ങളുടെ ജീവിതത്തോടും ചേര്‍ന്നു നില്‍ക്കുന്ന ആ കഥയേയും കഥാപാത്രങ്ങളേയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു. അന്നുവരെ മലയാള സിനിമാലോകം കാണാത്ത മായക്കാഴ്ചകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു പിന്നീട് ഐ.വി ശശി. താരങ്ങളല്ല, സംവിധായകനാണ് സിനിമയുടെ അവസാനവാക്കെന്ന് തെളിയിക്കുന്നതായിരുന്നു ശശിയുടെ ഓരോചിത്രങ്ങളും. ഐ.വി ശശി വെട്ടിയൊരുക്കിയ പന്ഥാവിലൂടെയാണ് താരപദവികളിലേക്ക് ജയനും സോമനും രതീഷും മമ്മൂട്ടിയും മോഹന്‍ലാലും റഹ്മാനുമെല്ലാം പടികയറിയത്.
ഏതെങ്കിലും ഒരു കാറ്റഗറിയില്‍ ഒതുക്കാനാവാത്ത സംവിധായക മികവായിരുന്നു ശശിയുടേത്. ചിലത് മാസ് സിനിമകള്‍, മറ്റുചിലത് ക്ലാസ് സിനിമകള്‍, വേറെ ചിലത് ഗ്രാമീണ പശ്ചാത്തലത്തിലുള്ളത്, ഇടിപ്പടങ്ങളെന്നോ ആക്ഷന്‍ ത്രില്ലറെന്നോ പറയപ്പെടുന്ന വേറെയുമുണ്ട് ചിത്രങ്ങള്‍. എം.ടി വാസുദേവന്‍-ഐ.വി ശശി കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെ നിരൂപകര്‍ ക്ലാസ് വിഭാഗത്തില്‍പ്പെടുത്തി. പി. പത്മരാജന്റെയും ജോണ്‍പോളിന്റെയും ചിത്രങ്ങളിലൂടെ ഗ്രാമാന്തരീക്ഷങ്ങളെയും ജീവിതങ്ങളെയും അഭ്രപാളിയിലാക്കി. ടി. ദാമോദരന്റെ തിരക്കഥയിലെത്തുമ്പോള്‍ ശശിയുടെ കാറ്റഗറി മാറി. അതില്‍ ഭൂരിഭാഗവും മാസ് പടങ്ങള്‍. കള്ളക്കടത്തുകാരനും കൂലിത്തല്ലുകാരനും തൊഴിലാളി യൂണിയന്‍ നേതാവും ഉശിരുള്ള മാധ്യമ പ്രവര്‍ത്തകനും അബ്കാരിയും രാഷ്ട്രീയക്കാരനുമെല്ലാം അതിലൂടെ ആസ്വാദകരുടെ മുന്നിലെത്തി.
ആലപ്പി ഷെരീഫ് എഴുതിയ കഥകള്‍ക്ക് ശശിയൊരുക്കിയത് പ്രണയത്തിന്റെയും രതിയുടെയും പച്ചയായ ദൃശ്യാവിഷ്‌കാരങ്ങള്‍. പൗരുഷമുള്ളവരായിരുന്നു ശശിയുടെ നായക കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ പോലെ പലരും.
മലയാള സിനിമയ്ക്ക് ഏറ്റവും അധികം ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനാണ് ഐ.വി ശശി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 150-ഓളം ചിത്രങ്ങളുണ്ട് ശശിയുടെ പട്ടികയില്‍. 1977ല്‍ ആശീര്‍വാദം, അകലെ ആകാശം, അഞ്ജലി, അംഗീകാരം, അഭിനിവേശം, ഇതാ ഇവിടെ വരെ, ആ നിമിഷം, ആനന്ദം പരമാനന്ദം, അന്തര്‍ദാഹം, ഹൃദയമേ സാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാല്‍ എന്നിങ്ങനെ 12 ചിത്രങ്ങളാണ് ഐ.വി ശശി സംവിധാനം ചെയ്തത്. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായി മാറിയെന്നതാണ് കൗതുകം. ഒരുപക്ഷെ ലോകത്തില്‍ ഒരുവര്‍ഷം ഇത്രയേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മറ്റൊരു സിനിമാ പ്രവര്‍ത്തകനും ഉണ്ടാവില്ല. ഇനി ആ റെക്കോര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. മലയാള സിനിമ ഒരു സംവിധായകനെ മാത്രം ഭ്രമണം ചെയ്തിരുന്ന കാലം ഇനി ഉണ്ടാവില്ലെന്നുറപ്പാണ്.