ദുബായ്: ന്യൂസിലന്റിനെതിരെയുള്ള ഏകദിനപരമ്പര നേട്ടത്തിന് പുറകെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനതെക്ക് തിരിച്ചെത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്റ ബൗളര്‍മാരില്‍ മൂന്നാമതെത്തി.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് കോഹ്ലിയെ മറികടന്ന് ഒന്നാമത് എത്തിയത്. ന്യൂസിലന്റിനെതിരെയുള്ള പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് കൈവിട്ട സ്ഥാനം ഇന്ത്യന്‍ താരം തിരിച്ചുപിടിച്ചത്. രണ്ട് സെഞ്ചുറികളുള്‍പ്പെടെ പരമ്പരയില്‍ 263 റണ്‍സാണ് ഇന്ത്യന്‍ നായകന് അടിച്ചെടുത്തത്. ഇതോടെ 889 റേറ്റിംഗ് പോയിന്റും കോഹ്ലിക്ക് ലഭിച്ചു. സച്ചിന് ടെണ്ടുല്‍ക്കറെ മറികടന്ന് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന് നേടുന്ന ഉയര്‍ന്ന പോയിന്റാണിത്. 887 പോയിന്റാണ് സച്ചിന് ലഭിച്ചിട്ടുള്ലത്. ഓപ്പണര്‍ രോഹിത് ശര്‍മ്മ 799 പോയിന്റുമായി ഏഴാം സ്ഥാനം നിലനിര്‍ത്തി.
ബൗളര്‍മാരില്‍ പാകിസ്താന്റെ ഹസന് അലിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്റ കരിയര്‍ ബെസ്റ്റ് പ്രകടനവുമായാണ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. അതേസമയം, ന്യൂസിലന്റിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയെങ്കിലും ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കായില്ല.