തിരുവനന്തപുരം: മലയാളിയുടെ നല്ല മനസിനെ ആര്‍ക്കും അങ്ങനെ പെട്ടെന്ന് ഹൈജാക്ക് ചെയ്യാനാവില്ല. ഒന്നും കൊടുക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളില്‍ ചിലര്‍ വീണുപോയേക്കാം.എന്നാല്‍ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റേയും പെരുന്നാള്‍ കാലത്ത് കൈയിലുള്ളതെല്ലാം പ്രളയബാധിതര്‍ക്കു നല്കി നൗഷാദ് മലയാളിയുടെ നന്മയുടെ പ്രതീകമായി.
എറണാകുളം ബ്രോഡ്വേയിലെ വഴിയോരക്കച്ചവടക്കാരനാണ് നൗഷാദ്. പ്രളയ ബാധിതര്‍ക്കുവേണ്ടി കളക്ഷന്‍ നടത്താനിറങ്ങിയ നടന് രാജേഷ് ശര്‍മ്മയേയും കൂട്ടുകാരേയും വിളിച്ചു കൊണ്ടുപോയാണ് നൗഷാദ് വസ്ത്രങ്ങള്‍ നല്‍കിയത്.കുറച്ചു വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടവരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിച്ചുകൊണ്ട് വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് പലതരത്തിലുള്ള വസ്ത്രങ്ങള്‍ വാരിയെടുത്ത് നൗഷാദ് ചാക്കുകളില്‍ നിറച്ചത്. സ്വന്തം ഉപജീവനമാര്‍ഗമായ കടയിലെ വസ്ത്രങ്ങളാണ് നൗഷാദ് എടുത്തു നല്‍കിയത്.അതും ഏറ്റവും പുതിയവ.ഇങ്ങനെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്നാണ് നൗഷാദ് പ്രതികരിച്ചത്.ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്ന് പറഞ്ഞിട്ടും അത് ശ്രദ്ധിക്കാതെ നൗഷാദ് തുണികള്‍ വാരി ചാക്കില്‍ നിറയ്ക്കുകയാണ്.രാജേഷ് ശര്‍മ്മയാണ് ഈ ദൃശ്യങ്ങള്‍ കേരളമൊന്നടങ്കം കാണാനായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.മാലിപ്പുറം സ്വദേശിയാണ് നൗഷാദ്.
