കൊച്ചി:ശബരിമലയില്‍ പ്രതിഷേധിക്കാനിറങ്ങി കേസില്‍പ്പെട്ടു റിമാന്റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പുറത്തുവിടാതെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ അഞ്ചിലധികം കേസുകളുള്ള സുരേന്ദ്രനെ ഇന്ന് ഒരു കേസില്‍ കൂടി പ്രതിചേര്‍ത്തു.നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സംഘം ചേര്‍ന്നെന്ന കേസിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടഞ്ഞ് നാമജപ പ്രതിഷേധം സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന 200 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിര്‍ദ്ദേശിച്ചു.എന്നാല്‍ ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച കേസ് അടക്കം ഇനിയും ആറ് കേസുകള്‍ കൂടി ഉള്ളതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയില്ല.നിലവില്‍ സുരേന്ദ്രന്‍ ഓരോദിവസവും വിവിധകേസുകളിലായി കോടതി കയറിയിറങ്ങുകയാണ്.ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ജയിലില്‍ തന്നോട് മനുഷ്യത്വരഹിതമായാണ്പെ രുമാറുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 30ന് വാറണ്ടിന് ഹാജരാകാന്‍ കോഴിക്കോട് പോകേണ്ടതാണ്. എന്നാല്‍ അവിടെ താമസിപ്പിക്കുന്നതിനു പകരം നടുവേദനയ്ക്ക് ബെല്‍റ്റ് ഇട്ടിരിക്കുന്ന തന്നെ ഇവിടെ തിരികെ കൊണ്ട് വന്നിരിക്കുന്നത് പ്രകോപനം സൃഷ്ടിക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.