കാസര്‍കോട്:പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ ജനുവരി ഏഴിന് കല്യാട്ട് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അറസ്റ്റിലായ പീതാംബരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം.
‘സഖാക്കളായ പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നു.പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വെക്കാന്‍ പെറുക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും. ഇങ്ങനെയാണ് സിപിഎം പറഞ്ഞതെന്ന് ഇത് കേട്ട കോണ്‍ഗ്രസുകാരനും കേള്‍ക്കാത്ത കോണ്‍ഗ്രസുകാരനും പറഞ്ഞ് കൊടുക്കണം.സിപിഎമ്മിന്റെ രീതി അറിയാമല്ലോ’ മുസ്തഫയുടെ പ്രസംഗം ഇങ്ങനെയായിരുന്നു.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു പറഞ്ഞ് നേതൃത്വം കൈകഴുകുമ്പോഴാണ് ഇത്തരം പ്രസംഗങ്ങള്‍ തെളിവുകളായി തിരിഞ്ഞു കൊത്തുന്നത്.