ലൂക്കാസ് മാക്കുല്ലെക്ക് 22 വയസ്സാണ്. പക്ഷേ, ഈ വയസ്സിനിടയില്‍ അദ്ദേഹം നേരിട്ടത് ഇരുപത്തഞ്ച് സര്‍ജറിയാണ്. ലിംഭന്‍ജിയോമ എന്ന രോഗവുമായി ജനിച്ച ലൂക്കാസ് നടത്തിയ 24 സര്‍ജറികളും തന്റെ പത്താമത്തെ വയസ്സിനിടയിലായിരുന്നു.

ഒടുവില്‍ നീണ്ട കാലത്തെ ധനസമാഹരണത്തിന് ശേഷം 25 ാമത്തെ സര്‍ജറിയിലൂടെ ലൂക്കാസ് മാക്കുല്ലെ രോഗ മോചിതനായി. ശ്വസനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കഴുത്തിലോ തലയിലോ വരുന്ന റ്റിയൂമറാണ് സാധാരണയായി ഈ രോഗം വഴി വരുന്നത്. എന്നാല്‍ ലൂക്കാസിന് മുഖത്തായിരുന്നു മുഴ.

‘ഗോഫോര്‍ഫണ്ട്മീ’ എന്ന സംരംഭം വഴി വടക്കു പടിഞ്ഞാറന്‍ യു. എസിലെ ഇഡാഹോയില്‍ നിന്നുള്ള ലൂക്കാസ് മാക്കുല്ലെ ശേഖരിച്ചത് 112,000 ഡോളറായിരുന്നുവെന്ന് അമ്മ ഷെറി മാക്കുല്ലെ വ്യക്തമാക്കി.

ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ വ്യാഴാഴ്ച്ച ന്യൂയോര്‍ക്കിലെ ആശുപത്രിയിലെ ഡോ. ഗ്രിഗറി ലെവിറ്റിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ കവിളിലെ മുഴ വിജയകരമായി നീക്കം ചെയ്തു. ലൂക്കാസ് മാക്കുല്ലെ സുഖം പ്രാപിച്ചു വരുന്നതായി ഷെറി മാക്കുല്ലെ അറിയിച്ചുവെന്ന് കെറ്റിവിബി ന്യൂസ് റിപ്പോട്ട് ചെയ്തു.