തിരുവനന്തപുരം:സഹായം ചോദിച്ച് വിളിച്ചപ്പോള്‍ മന്ത്രി എംഎം മണി അവഹേളിച്ചെന്ന് നെയ്യറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവെച്ചിട്ടില്ലെന്നും തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നും മന്ത്രി പറഞ്ഞതായി വിജി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമ്പോഴാണ് വിജി മന്ത്രിയെ വിളിച്ചത്.
സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും  ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരം ഇന്ന് പത്താം ദിവസമാണ്. വിജിയും രണ്ടുകുട്ടികളും സനല്‍ കുമാറിന്റെ അമ്മയുമാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരത്തിനിരിക്കുന്നത്.സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.
കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് സനലിന്റെ കുടുംബം പറയുന്നു.