കോഴിക്കോട്:ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ എംകെ രാഘവനെതിരായ ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കേസെടുക്കുന്ന കാര്യം നാളെ തീരുമാനിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ്പ്രോസിക്യൂഷനോട് നിയമോപദേശം തേടി.എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് ഇനി മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംകെ രാഘവനെതിരെ നടപടിയുണ്ടായാല്‍ അത് വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്.
സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ്‌ കണ്ണൂര്‍ റെയ്ഞ്ച് ഐജി അജിത്കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒളികാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ടേപ്പ് ഫോന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ക്രൈംകേസ് വേണമെന്നും ഒളിക്യാമറക്കു പിന്നില്‍ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി വി 9 ഭാരത്‌വര്‍ഷ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം കെ രാഘവന്‍ കോഴ ചോദിക്കുന്നുണ്ട്.കമ്മീഷന്‍ ആയി അഞ്ചു കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു.ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നതായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ ദൃശ്യങ്ങളിലുള്ള തന്റെ ശബ്ദം വ്യാജമാണെന്നാണ് എംകെ രാഘവന്‍ വിശദീകരിച്ചത്.