കോഴിക്കോട്:ഒളിക്യാമറ വിവാദത്തില്‍ ആരോപണം നേരിടുന്ന കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.എ സി പി വാഹിദ്,ഡിസിപി ജമാലുദ്ദീന്‍ എന്നിവരാണ് എം.കെ രാഘവന്റെ കോഴിക്കോട്ടെ വസതിയിലെത്തി മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരത്തെ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെത്തുടര്‍ന്നാണ് വീട്ടിലെത്തി മൊഴിയെടുത്തത്.
വിഷയത്തില്‍ രാഘവന്റെ മൊഴി അടിസ്ഥാനമാക്കി അന്വേഷണം തുടരുമെന്നും ചാനല്‍ പ്രവര്‍ത്തകരേയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കുമെന്നും മൊഴി നല്‍കിയ ശേഷം എംകെ രാഘവന്‍ പ്രതികരിച്ചു