തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരദേശങ്ങളിലും മലയോരങ്ങളിലും വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കേരളം അവഗണിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കുണ്ടായ ഈ ഗുരുതര വീഴ്ചയാണ് നിരവധി ജീവനുകള്‍ പൊലിയാനും നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിക്കാനും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ കുടുങ്ങാനും കാരണമായത്. കഴിഞ്ഞ ബുധനാഴ്ച തന്നെ കേരളത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യാനിക് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് സംസ്ഥാന സര്‍ക്കാരിന് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതുസംബന്ധിച്ച് ജാഗ്രതാ മുന്നറിയിപ്പോടെ അന്ന് ഉച്ചയ്ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ചീഫ് സെക്രട്ടറിക്കും ഫാക്‌സ് സന്ദേശവും അയച്ചിരുന്നു. എന്നാല്‍ കേരളം അത് അവഗണിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കേരളം ഇക്കാര്യം അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പിന്റെ രേഖകള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ബുധനാഴ്ച അവസാനിക്കുന്ന ആഴ്ചയിലെ കാലാവസ്ഥ പ്രവചനത്തോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് കന്യാകുമാരിക്ക് സമീപം ഓഖി ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ലക്ഷദ്വീപനെ ലക്ഷ്യമാക്കി വടക്കു പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീങ്ങുമെന്നും കുറിപ്പിലുണ്ട്. വ്യാഴാഴ്ച രാവിലെ പത്തു മണിക്കും സമാനമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വകുപ്പ് നല്‍കി. 23-ന് വകുപ്പ് പുറത്തിറിക്കിയ അടുത്ത രാണ്ടാഴ്ചത്തേയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പ് കുറിപ്പിലും ചുഴലി സാധ്യത സൂചിപ്പിച്ചിട്ടുണ്ട്.
ഇതൊക്കെ തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രതിരോധം തീര്‍ക്കാന്‍ വിഫല ശ്രമം നടത്തുന്നത്. വ്യാഴാഴ്ച പന്ത്രണ്ട് മണിക്ക് മുന്നറിയിപ്പ് കിട്ടിയപ്പോള്‍ ദുരന്ത നിവാരണ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദം. ദുരന്ത നിവാരണ അതോറിറ്റിയുടെ ഗുരുതര വീഴ്ചമൂലം മുന്നൊരുക്കങ്ങള്‍ നടത്താനായില്ലെന്നതാണ് ആക്ഷേപം. മഴ പെയ്യുമെന്ന സൂചന മാത്രമാണ് ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിന് നല്‍കിയത്. അതിനാല്‍ സ്‌കൂളുകള്‍ക്ക് പോലും മുന്‍കൂര്‍ അവധി നല്‍കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് മാത്രമാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഓഖി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. കേരള തീരത്ത് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടി ദേശീയ ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കോ സേനാ വിഭാഗങ്ങള്‍ക്കോ ഈ സന്ദേശം കൈമാറാതെ സര്‍ക്കാര്‍ രഹസ്യമായി വെച്ചതാണ് ദുരന്തങ്ങള്‍ക് വഴിവെച്ചത്. 200-ഓളം മല്‍സ്യബന്ധന വള്ളങ്ങളാണ് ദുരന്ത മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ കടലില്‍ പോയത്. ഇതില്‍ പല വള്ളങ്ങളിലുള്ളവരും ഇനിയും തിരിച്ചെത്തിയിട്ടില്ല. കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് വിലയിരുത്തല്‍.