തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

മണിക്കൂറില്‍ 75കിലോമീറ്ററോളമാണ് കാറ്റിന്റെ വേഗത. അതേസമയം തിരുവനന്തപുരത്ത് ഉച്ചക്ക് ശേഷവും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 48 മണിക്കൂര്‍ നേരത്തേക്കാണ് മഴ തുടരുക. വലിയ തോതിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഏത് അടിയന്തര ഘട്ടവും നേരിടാന്‍ ദുരന്ത നിവാരണ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂന മര്‍ദ്ദം കൊടുങ്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താല്‍ക്കാലിക സംവിധാനങ്ങള്‍ നിലവില്‍ പര്യാപ്തമല്ലെന്നാണ് ദുരന്തനിവാരണ സേന അറിയിച്ചിരിക്കുന്നത്.