തിരുവനന്തപുരം: തെക്കന്‍ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍(കെആര്‍എല്‍സിസി) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം മത്സ്യബന്ധനത്തിന് പോയ 375 പേരില്‍ 162 പേര്‍ മാത്രമാണ് തിരികെ എത്തിയത്. അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. അതിനാല്‍ തന്നെ ചുഴലിക്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അടിയന്തര ധനസഹായമായി ആയിരം കോടി രൂപ അനുവദിക്കണം. സന്ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് കെസിബിസിയോട് പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ആവശ്യപ്പെടും. കെആര്‍എല്‍സിസി ഉള്‍പ്പെടെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഫിഷറീസ് മന്ത്രാലയം ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണം.അതില്‍ തീരപ്രദേശവാസികളെയും പങ്കെടുപ്പിക്കണം. സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കണം. തീരപ്രദേശത്തിനായി വികസന പാക്കേജ് നടപ്പിലാക്കണം. കടലില്‍ കാണാതാകുന്നവര്‍ക്ക് നഷ്ടപരിഹാരവും ദുരിതാശ്വാസവും നല്‍കുന്നതിനായി നിലവിലെ വ്യവസ്ഥകള്‍ ഇളവ് ചെയ്യണം. ജീവഹാനിയും വള്ളവും നഷ്ടമായവര്‍ക്ക് തുല്യമായ തുക ഉടന്‍ വിതരണം ചെയ്യണമെന്നും ഇവര്‍ പറഞ്ഞു.
വിഴിഞ്ഞം, കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം ഈ മേഖലകളിലെ കടലാക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. കടലാക്രമണം മൂലം വീടുകള്‍ നഷ്ടമായി തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കൊച്ചി, മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കണം. കോസ്റ്റ് ഗാര്‍ഡില്‍ 20 ശതമാനം തസ്തികകളില്‍ തീരദേശജനതയ്ക്കായി മാറ്റി വയ്ക്കണം.നാലും അഞ്ചും വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ ഉണ്ടെന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
മനുഷ്യാവകാശ ദിനമായ പത്തിന് തീരജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും ജീവഹാനി നഷ്ടപ്പെട്ടവരുടെ ഓര്‍മ ദിനമായി ആചരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെആര്‍എല്‍സിസി വക്താവും വൈസ് പ്രസിഡന്റുമായ ഷാജി ജോര്‍ജ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ എച്ച് പെരേര, കെ.ആര്‍.എല്‍.സി.സി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, യൂത്ത് കമ്മിഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, എല്‍.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.