തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നു. നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കും. മത്സ്യബന്ധന ഉപാധികളടക്കമുള്ള സഹായങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കും.
ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
നിലവിലുളള മാനദണ്ഡ പ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ അതില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.