തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിലും തമിഴ്‌നാട്ടിലും ഇതുവരെ മഴക്കെടുതിയില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
കൊട്ടാരക്കര കുളത്തൂപ്പുഴയ്ക്ക് സമീപം തുവക്കാട് ഓട്ടോയുടെ മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ വിഷ്ണു മരിച്ചു. കാട്ടാക്കടയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. കിള്ളി അരുമ്പോട് സ്വദേശി അപ്പുനാടാര്‍, ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ അല്‍ഫോണ്‍സാമ്മ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടത്തിന്റെ കൃത്യമായ വിവരം അറിവായിട്ടില്ല
അതിനിടെ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരം വിട്ടു. വരും മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതയിലാണ് അധികൃതര്‍. 10 ദുരുതാശ്വാസ ക്യാമ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ശ്രീലങ്കയില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വീണ്ടും വേഗമാര്‍ജിച്ച് കേരള തീരത്തുനിന്ന് ലക്ഷ്യദ്വീപ് ലക്ഷ്യമാക്കിയാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്.