തിരുവനന്തപുരം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി കസ്റ്റഡിയില്‍.ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനെയും രാജസ്ഥാന് സ്വദേശിയായ നാടോടി പെണ്‍കുട്ടിയെയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി വൈദ്യ പരിശോധനയും നടത്തിയശേഷം കേരളത്തിലേക്ക് കൊണ്ടു വരുമെന്നാണ് വിവരം.
പത്ത് ദിവസം മുന്‍പാണ് റോഷന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.ഒരു മാസമായി ഓച്ചിറ പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി കച്ചവടം നടത്തുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.റോഷന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും സംഘം മര്‍ദിച്ചിരുന്നു.അന്നുതന്നെ ഇവര്‍ സംസ്ഥാനം വിട്ടിരുന്നു.സംഭവം വലിയ വിവാദമായതോടെ പോലീസ് അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചതോടെയാണ് പ്രതിയെയും പെണ്‍കുട്ടിയേയും കണ്ടെത്താനായത്.