കാന്‍ബറ: സ്വവര്‍ഗാനുരാഗികള്‍ക്കിത് പ്രണയസാഫല്യം. ഓസ്ട്രേലിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലിന് അനുമതി ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ ജനത സമ്മതമേകിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ 26-ാമത്തെ രാജ്യമാണ് ഓസ്ട്രേലിയ.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കാനുള്ള അനുമതി വോട്ടെടുപ്പിലൂടെ കണ്ടെത്താന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്. 61.6 ശതമാനം ആളുകള്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ബാക്കി 38.4 ശതമാനം മാത്രമാണ് പ്രതികൂലമായി വോട്ട് രേഖപ്പെടുത്തിയത്.

സങ്കീര്‍ണമായ ബില്‍ അല്ല ഇതെന്ന് ബില്‍ അവതരിപ്പിച്ച ഓസ്ട്രേലിയന്‍ എംപി വാറന്‍ എന്‍സ്ച് പറഞ്ഞിരുന്നു. ഒരേ ലിംഗത്തില്‍പെടുന്നവര്‍ക്ക് മറ്റുള്ളവരെപോലെ തങ്ങള്‍ സ്നേഹിക്കുന്നവരോടൊപ്പം ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് വിവാഹിതരാകാനുള്ള അവകാശം നല്‍കുന്നതിലൂടെ കൂടുതല്‍ തുല്യതയാര്‍ന്ന സാമൂഹിക അവസ്ഥയാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.