ലോസ് ആഞ്ചലസ്:ഓസ്‌കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ഇന്ത്യക്കും അഭിമാനനേട്ടം.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആര്‍ത്തവകാല ആരോഗ്യപരിപാലനം വിഷയമാക്കി ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത ‘ഷോര്‍ട്ട് പിരീഡ്.എന്‍ഡ് ഓഫ് സെന്റന്‍സ്’ മികച്ച ഹ്രസ്വ ഡോക്യുമെന്റിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി.ഉത്തര്‍പ്രദേശിലെ ഹാപൂര്‍ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെ ആര്‍ത്തവ കാലത്തെ ദുരിതജീവിതവും അത് മറികടക്കാന്‍ അവര്‍ നടത്തുന്ന വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുമാണ്
ഡോക്യുമെന്ററിയുടെ പ്രമേയം.
അരുണാചലം മുരുഗാനന്ദന്‍ എന്ന സംരഭകന്‍ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയില്‍ സാനിറ്ററി നാപ്കിന്‍ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഈ ഗ്രാമത്തില്‍ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എന്‍ജിഒയാണ് ഹാപൂറിന്റെ മുഖഛായ തന്നെ മാറ്റുന്ന നീക്കങ്ങളുമായെത്തിയത്. ആര്‍ത്തവകാലത്ത് ശുചിത്വമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കാന്‍ ഇവര്‍ക്കായി.സാനിറ്ററി പാഡുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്നവരും ആര്‍ത്തവമെന്ന് ഉച്ചരിക്കാന്‍ മടിച്ചിരുന്നവരുമായ സ്ത്രീകളെ എന്‍ജിഒ അവരുടെ ബോധവല്‍ക്കരണത്തിലൂടെ മാറ്റുന്നതാണ് ഡോക്യുമെന്ററി പറയുന്നത്.