പാലക്കാട്:ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു.ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ കല്ലേറുണ്ടായത്.കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുമ്പോള്‍ സമരക്കാര്‍ ലോറി തടഞ്ഞു.എന്നാല്‍ ലോറി നിര്‍ത്താതെ പോയതിനെത്തുടര്‍ന്നാണ് കല്ലേറുണ്ടായത്.ഗുരുതര പരിക്കേറ്റ മുബാറക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം,ടോള്‍ നിരക്ക് എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്.എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ പറയുന്നു.കഴിഞ്ഞ രണ്ടുദിവസങ്ങളായി സമരാനുകൂലികള്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ലോറികള്‍ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.