ന്യൂഡല്‍ഹി:അംബാനി കുടുംബത്തോടുള്ള ന്നേഹം പ്രകടിപ്പിച്ച് വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ഇതുവരെ ആരംഭിക്കാത്ത അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതാണ് ഇപ്പോള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.മൂന്നു വീതം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ശ്രേഷ്ഠ പദവിയിലേക്കുയര്‍ത്തിയ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് പ്രഖ്യാപിച്ചതിലാണ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെട്ടിരിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്റെ കീഴില്‍ മുകേഷ് അംബനിയുടെ ഭാര്യ നിത അംബാനി നേതൃത്വം നല്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്നതാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്.ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ കടലാസില്‍ മാത്രമേയുള്ളു.കഴിഞ്ഞ വര്‍ഷം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച,
വര്‍ഷങ്ങളുടെ അക്കാദമിക പാരമ്പര്യമുള്ള ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ തഴഞ്ഞുകൊണ്ടാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തിരഞ്ഞെടുത്തത്.രണ്ടോ അതില്‍ അധികമോ വ്യത്യസ്ത പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം,ആവിര്‍ഭാവ സാങ്കേതികവിദ്യകളിന്മേല്‍ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തരസ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൗതികസൗകര്യങ്ങളുണ്ടാകണം എന്നിവയാണ് ശ്രേഷ്ഠ പദവിക്കുള്ള മാനദണ്ഡം.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബാഗ്ലൂര്,ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പിലാനി,രാജസ്ഥാന്,മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, മുംബൈയിലെയും ഡല്‍ഹിയിലെയും ഐഐടി എന്നിവയായിരുന്നു പട്ടികയില്‍.ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കിയത്.
ശ്രേഷ്ഠ പദവി ലഭിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയിലേക്ക് നീക്കിവച്ച 1000 കോടി രൂപയില്‍ ഒരു വിഹിതവും ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൂടി ലഭിക്കും.