തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്ന മല്‍സ്യ തൊഴിലാളികളെക്കുറിച്ച് സര്‍ക്കാരിനോ രക്ഷാസേനയ്‌ക്കോ റവന്യൂ വകുപ്പിനോ യാതൊരു വ്യക്തതയുമില്ല. കരയില്‍ എത്തിച്ചവരുടെ എണ്ണം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. നാല്‍പ്പത് ബോട്ടുകള്‍ ഗുജറാത്ത് തീരത്ത് അടുത്തുവെന്നും മറ്റുചിലത് മഹാരാഷ്ട്രയിലും ഗോവയിലും എത്തിയെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള മല്‍സ്യ തൊഴിലാളികള്‍ ഗുജറാത്തില്‍ എത്തിയ ബോട്ടിലുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരം. ഗോവയിലും മഹാരാഷ്ട്രയിലും എത്തിയ ബോട്ടുകളില്‍ ആരെന്നത് ഇപ്പോഴും അറിയില്ല.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 40 മല്‍സ്യബന്ധന ബോട്ടുകള്‍ ഗുജറാത്ത് വെരാവല്‍ തീരത്ത് അടുത്തുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോട്ടുകളിലുണ്ടായിരുന്ന 516 തൊഴിലാളികള്‍ സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി തീരസംരക്ഷണ സേന അറിയിച്ചു. അതിനിടെ, വിഴിഞ്ഞത്തു നിന്നുള്ള ചില ബോട്ടുകള്‍ ഗോവയിലെ വാസ്‌കോ തീരമണഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞദിവസം മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന രണ്ട് മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം പള്ളിവിളാകം സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനിയും 12 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുകയാണ്. പൂന്തുറ സ്വദേശി മൈക്കിളിനെ (42) ന്യൂറോ സര്‍ജറി ഐസിയുവില്‍ നിന്ന് ട്രോമകെയര്‍ ഐസിയുവിലേക്ക് മാറ്റി. പുല്ലുവിള വില്‍ഫ്രെഡിനെ (48) ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വെട്ടുകാട് സ്വദേശി റെയ്മണ്ടിനെ (23) പ്രവേശിപ്പിച്ചതോടെ നിലവില്‍ 41 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. സുഖം പ്രാപിച്ച ഒമ്പതുപേരെ ഡിസ്ചാര്‍ജ് ചെയ്തു.

ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇനി കൊച്ചി കേന്ദ്രീകരിച്ച് നടത്താനാണ് ധാരണ. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടാനാണ് ഈ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പ്രധാന ഉദ്യോഗസ്ഥരും വിവിധ സേനാംഗങ്ങളും കൊച്ചിയിലേക്ക് മാറും. എന്നാല്‍ തിരുവനന്തപുരത്ത് ഭാഗികമായ തിരച്ചില്‍ തുടരും. തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ കടലില്‍ കാണാതായിരിക്കുന്നത്. വ്യോമസേനയുടെയും നാവികസേനയുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് അധികൃതരുടെ പുതിയ തീരുമാനം. ഇത് തീരദേശ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടന്ന് തെക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറിയതോടെ കാറ്റില്‍പ്പെട്ട് കൂടുതല്‍ ബോട്ടുകള്‍ ഈ മേഖലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് സേനാംഗങ്ങളുടെ കണക്കുകൂട്ടല്‍.